ഒരല്പം ഉയരത്തിൽ നിന്നു നോക്കിയാൽ ഉറുമ്പുകളുടെ സ്കൂൾ വിട്ടതു പോലെയുണ്ടാവും. അത്രയധികം ആളുകളാണ് കിഴക്കു-പടിഞ്ഞാറായി നീണ്ടുകിടക്കുന്ന പ്രധാനപാതയുടെ ഇരുവശത്തേയും നടപ്പാതകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത്. ഉറുമ്പുചാലിനോളം അച്ചടക്കമില്ലെന്നേയുള്ളൂ, എണ്ണത്തിലൊട്ടും കുറവില്ല. അതിലേറെ എണ്ണം കാറുകൾ നിരത്തിലുണ്ട്. അവരൊക്കെ പക്ഷേ തട്ടിമുട്ടി ഇഴഞ്ഞാണു നീങ്ങുന്നത്. ആൾ-ഉറുമ്പുകളുടെ അത്ര ധൃതി ആ കാർ-വണ്ടുകൾക്കില്ലാഞ്ഞിട്ടല്ല, അതിനുള്ള ഇടമില്ലാഞ്ഞിട്ടാണ്. ശരിക്കുള്ള ഉറുമ്പിൻ ചാലുകളിൽ നിന്ന് ശബ്ദം കേട്ട ഓർമയില്ലെങ്കിലും ഈ ആളുറുമ്പു ചാലുകളിൽ നിന്ന് തേനീച്ചക്കൂട്ടിൽ നിന്നെന്ന പോലൊരു ഇരമ്പലുണ്ട്. നിരത്തിലെ കാർവണ്ടുകളും നിർത്താതെ മാറിമാറി ബഹളം കൂട്ടുന്നുണ്ട്.
എന്നാൽ അലർച്ചയിൽ ഇവരേക്കാളെല്ലാമുച്ചത്തിൽ മറ്റൊന്നാണ്: നാനാവിധം ഉച്ചഭാഷിണികൾ. ആ ക്ഷേത്രനഗരത്തിലെ പ്രധാന ക്ഷേത്രത്തിനു സ്വന്തമായുള്ളവ, പിന്നെ ആ അമ്പലത്തിനു ചുറ്റുമുയർന്നു വന്ന തലപ്പൊക്കം ഒരല്പം കുറഞ്ഞ മറ്റ് ആരാധനാലയങ്ങൾക്ക് സ്വന്തമായുള്ളവയും. ആരാധനാലയങ്ങളിൽ ചിലത് വിശ്വാസങ്ങൾ നീട്ടിവലിച്ച് കൂട്ടിമുട്ടിച്ച് പരസ്പരപൂരകങ്ങളായി തീർന്നവയാണ്. മറ്റു ചിലത് അങ്ങനെയൊരു ബന്ധം നിർമിച്ചെടുക്കാനാവാതെ പരസ്പരം മത്സരിച്ചും കലഹിച്ചുമൊക്കെ ഇരിക്കുന്നവയുമാണ്. എന്നാലാ ഉച്ചഭാഷിണികളിൽ നിന്നെല്ലാം ആർത്തലച്ചു വീഴുന്ന ഭക്തിപ്രകടനത്തിന്റെ വെള്ളച്ചാട്ടങ്ങൾ! അവ ഒന്നിച്ചൊഴുകിപ്പരന്ന് കോലാഹലമാവുന്ന ഒരൊറ്റ അശാന്തശബ്ദസമുദ്രമായി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു. ആ ബഹളക്കടലിൽ മുങ്ങി മേല്പറഞ്ഞ അതേ പാതയോരത്ത് തെക്കോട്ടു നോക്കി ഒരാൾ ഇരിക്കുന്നുണ്ട്.
യാതൊരു ധൃതിയും ആശങ്കയുമില്ലാതെ അയാളിരുന്ന് ആലോചിക്കുകയാണ്. മകനാണ് ഇപ്പൊ വരാമെന്ന് പറഞ്ഞ് ഇവിടെ ഇരുത്തിപ്പോയത്. ഇങ്ങനെയൊരാളെ ഇവിടെ ഇരുത്തിയ കാര്യം അവൻ മറന്ന് പോയിക്കാണുമോ? സാധ്യതയുണ്ട്, എന്നാലും അതിൽ പേടിയൊന്നുമില്ല. മനുഷ്യസഹജമാണല്ലോ മറവി. അതൊരു പാരമ്പര്യവും കൂടെ ആണോ ആവോ. അങ്ങനെയെങ്കിൽ ഉറപ്പായും അവൻ തന്നെ വെച്ചു മറന്നേക്കാം.
അവൻ ചെറിയ കുട്ടിയായിരുന്നപ്പോൾ ഒരിക്കൽ അവന്റെ അമ്മയുടെ വീട്ടിൽ നിന്നും അവനെ തിരികെ കൂട്ടി വരികയായിരുന്നു, വൈകുന്നേരത്തെ ബസ്സിന്. ബസ്സിന്റെ അവസാനത്തെ സ്റ്റോപ്പിൽ ഇറങ്ങി അവിടത്തെ കടയിൽ നിന്നും സാധനങ്ങളൊക്കെ വാങ്ങിയാണ് സാധാരണ പോവാറ്. അന്ന് പക്ഷേ അവിടെ ഇറങ്ങിയില്ല. ബസ് അവിടുന്ന് പിന്നെയും മുന്നോട്ട് പോയി കെ.എസ്.ഇ.ബി ക്വാർട്ടേർസുകളെ വലം വെച്ചുള്ള റോഡിലൂടെ ചുറ്റിയാണു തിരികെ പോവുക. അതിലെയാണു തങ്ങൾക്ക് പോവേണ്ടത് എന്നതുകൊണ്ട് ബസ്സുകാരോട് പറഞ്ഞ് അവിടെയിറങ്ങാം എന്ന് വെച്ചതാണ്. എത്താറായപ്പോ മകനെ മുൻകൂട്ടി പറഞ്ഞേല്പിച്ചു:
“മോൻ ഇവിടെത്തന്നെ ഇരുന്നാ മതി. അച്ഛൻ കൊല്ലപ്പുരയിൽ വാക്കത്തി കൊടുത്തേല്പിച്ചിട്ടുണ്ട്, അതു വാങ്ങി പെട്ടെന്ന് വരാം.”
അവൻ എല്ലാം തലകുലുക്കി സമ്മതിച്ചു, അല്ലെങ്കിലും പറയുന്നതൊക്കെ അവൻ കൃത്യമായി അനുസരിക്കാറുണ്ട്. ഒരു ശങ്കയുമില്ലാതെ ക്വാർട്ടേർസിനടുത്ത് ബസ്സിറങ്ങി മുന്നിലെ കുത്തനെയുള്ള പടികൾ കയറി മേലെയെത്തി. എത്തിക്കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോഴാണു അബദ്ധം മനസിലായത്. അവനില്ല താഴെ! ഒന്നു രണ്ട് നിമിഷമെടുത്തു കാര്യം മനസ്സിലാവാൻ. ബസ്സിൽ വെച്ചാണല്ലോ ഇവിടെത്തന്നെ ഇരുന്നാ മതിയെന്ന് പറഞ്ഞേല്പിച്ചത്. അതു കഴിഞ്ഞിറങ്ങുമ്പോ കൂടെയിറക്കാനോ കൂടെ ഇറങ്ങുമെന്ന് ഉറപ്പിക്കാനോ ഓർത്തില്ല. അവൻ ബസിൽ അതേ സീറ്റിൽ തന്നെ ഇരിക്കുന്നുണ്ടാവും. നാലഞ്ചു വയസല്ലേ ആയുള്ളൂ, അവനോട് പറഞ്ഞത് അവൻ അതേപടി അനുസരിച്ചു, ബസ് അവനേയും കൊണ്ട് പോവുകയും ചെയ്തു! പെട്ടെന്ന് പടവുകളത്രയും ഓടിയിറങ്ങി റോഡിലെത്തി. അപ്പോഴേക്കും ബസ് ക്വാർട്ടേർസുകളെ വലം വെച്ചു വന്ന് തന്നെയും കടന്ന് തിരികെ പോയിത്തുടങ്ങിയിരുന്നു. അതിന്റെ പിന്നിലെ ഗ്ലാസിലൂടെ തന്നെത്തന്നെ തിരിഞ്ഞു നോക്കുന്ന നിസ്സഹായതയും സങ്കടവും നിറഞ്ഞ് വിളറിയ കുഞ്ഞുമുഖം. എന്തൊക്കെയോ വിളിച്ചുപറഞ്ഞ് താൻ ബസ്സിനു പിന്നാലെ ഓടുന്നത് അതിലെ ജീവനക്കാർ ശ്രദ്ധിക്കാൻ അല്പനേരം കൂടെയെടുത്തു. ഒരു കുഞ്ഞ് മാത്രം ബസിൽ ഇറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നത് തങ്ങളും നേരത്തേ ശ്രദ്ധിച്ചില്ലെന്ന ജാള്യതയോടെ അവർ ബസ് നിർത്തി അവനെ ഇറക്കി തന്റെ അരികിലെത്തിച്ചതും അപ്പോഴും അതേപടി നിന്ന അവന്റെയാ മുഖഭാവവും ഇപ്പോഴും ഓർമയുണ്ട്.
അവനെ മാത്രമല്ല അങ്ങനെ മറന്നുവെച്ചിട്ടുള്ളത്. അവനുണ്ടാകും മുന്നേ, കല്യാണം കഴിഞ്ഞതിന്റെ പുതുമോടി പോലും മായും മുന്നേ, മറ്റൊരു ബസ് യാത്രയിൽ അവന്റെ അമ്മയെത്തന്നെയും മറന്നു വെച്ചിട്ടുണ്ട് ബസ് സ്റ്റാന്റിൽ. പോവാനുള്ള ബസിൽ ഓടിക്കയറുകയും അത് മുന്നോട്ട് നീങ്ങി മൂന്നുനാലു സ്റ്റോപ്പുകൾ പിന്നിടുകയും ചെയ്തപ്പോഴാണ് പഴയതു പോലെ തനിച്ചല്ലല്ലോ, കൂടെ ഒരാളുണ്ടായിരുന്നല്ലോ എന്ന ഓർമ വന്നത്. ഉടൻ കേറിപ്പോയ ബസിൽ നിന്നുമിറങ്ങി തിരികെ സ്റ്റാന്റിലേക്ക് തന്നെ പോകുന്ന മറ്റൊരു ബസ് പിടിച്ചു. അവിടെ ചെന്നപ്പോ ആളുണ്ട് അതുവരെ ഒറ്റയ്ക്ക് യാത്ര ചെയ്യാത്തതിന്റെ ജീവിതപരിചയവുമായി എന്തു ചെയ്യണമെന്നറിയാതെ ഒരങ്കലാപ്പിൽ നിന്നയിടത്ത് തന്നെ നിൽക്കുന്നു. ബസ് യാത്രയിൽ മാത്രമല്ല, ജീവിതയാത്രയിൽ തന്നെ ഇങ്ങനെ കൂടെയാൾക്കാരുള്ളത് ഇടയ്ക്കൊക്കെ മറന്നു പോയിട്ടുണ്ട്.
കാലം മാറി വരുമ്പോ ഈ മറന്നു വെപ്പൊക്കെ തിരിച്ചും ആകാമല്ലോ. ഇവരോടൊന്നും സ്നേഹവും ശ്രദ്ധയുമില്ലാഞ്ഞിട്ടാണോ ഇങ്ങനെയൊക്കെ ആളുകളേയും അവരുടെ കാര്യങ്ങളേയും മറക്കുന്നതെന്ന ചോദ്യം പലവട്ടം കേൾക്കേണ്ടി വന്നിട്ടുണ്ട്. മറുപടിയായി പ്രത്യേകിച്ചൊന്നും പറയാറില്ല. പറയാനുള്ള മറുപടിയൊന്നും മനസ്സിൽ തെളിയാത്തതു കൊണ്ടാണ്. അവനവൻ എന്നവനെത്തന്നെയും അവന്റെ കാര്യങ്ങളേയും കൂടെ ഇതേ പോലെ മറന്നു പോവാറുള്ളത് മറ്റാരും പൊതുവേ ശ്രദ്ധിക്കില്ലല്ലോ. പ്രായം കൂടിവരുന്നുണ്ടെന്നതും അതിനൊപ്പം ശരീരത്തിനും മനസിനും മാറ്റങ്ങളുണ്ടാവുന്നുണ്ടെന്നതും ശ്രദ്ധിക്കാനും മറന്നിട്ടുണ്ട്. എന്നിലൊരു ഞാനുണ്ടെന്നത് തന്നെ മറക്കുമ്പോ പിന്നെങ്ങനെ കൂടെയാളുകളുള്ളത് മറക്കാതിരിക്കും!
ഇപ്പോ ഇതൊക്കെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട് എന്നതൊരു ആശ്വാസമാണ്. ഈയിടെയായി എല്ലായ്പ്പോഴുമൊന്നും അതും പറ്റാറില്ല. എന്നാലിപ്പോൾ തനിയ്ക്ക് കുറച്ചു നാളായി പതിവിലേറെ മറവിയുണ്ടെന്നും അതൊരു രോഗമെന്ന് പറയാൻ മാത്രമുണ്ട് എന്നുമൊക്കെ പോലും ഓർമയിൽ വന്നു നിൽക്കുന്നുണ്ട്. മറവിരോഗം തന്നെയെന്ന് ഡോക്ടർ പറഞ്ഞതാണോ എന്ന് വ്യക്തമായി ഓർക്കാനാവുന്നില്ല. പക്ഷേ മകന്റെ മുഖത്ത് ബസ്സിൽ മറന്നു വെച്ച നാൾ കണ്ട അതേ ഭാവം ഈയടുത്തെന്നോ പിന്നെയും കണ്ടിട്ടുണ്ട്. അത് ഡോക്ടറിൽ നിന്ന് തന്റെ അസുഖത്തെപ്പറ്റി അറിഞ്ഞിട്ടായിരുന്നില്ലേ? അത് ശരിക്കും ഓർമയില്ല. എന്നാൽ അതിലും കുറേ നാൾ മുന്നേ അതേ മുഖത്ത് സന്തോഷം വന്നു നിറഞ്ഞ് ചിരി പൂത്തു നിൽക്കുന്ന ചിത്രം അവനൊരു ജോലി കിട്ടിയ ദിവസത്തേതാണെന്നത് കൃത്യമായി പറയാനാവുന്നുണ്ട്.
ഇങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നു പോയ്ക്കൊണ്ടിരുന്ന ആളുറുമ്പുകളിലൊരെണ്ണം അല്പം മുന്നിലെത്തിയ ശേഷം വേഗം കുറച്ച് തിരിഞ്ഞു നോക്കി. പിന്നെ അടുത്തേക്ക് മടങ്ങി വന്നു. ഹാവൂ, അവൻ തിരിച്ചെത്തിയല്ലോ!
“കാർന്നോരേ, എന്താ ഒറ്റയ്ക്കിങ്ങനെ ഇരിക്കുന്നത്? വീട്ടിലേക്കുള്ള വഴി മറന്നു പോയോ?”
വന്നത് മകനായിരിക്കുമെന്ന് ഒരു നിമിഷനേരത്തേയ്ക്ക് തോന്നിയ ആശ്വാസം ആ ചോദ്യം കേട്ടതോടെ പൊയ്‌പ്പോയെങ്കിലും അയാൾ പ്രതീക്ഷ കൈ വിട്ടിരുന്നില്ല. അവനിനി വരില്ലെന്ന് പറഞ്ഞൊന്നുമല്ലല്ലോ പോയത്. വന്നില്ലെങ്കിലും വീട്ടിലേക്കുള്ള വഴിയൊക്കെ ഓർത്തെടുക്കാൻ പറ്റുമായിരിക്കും. പറ്റില്ലേ? മറവിരോഗം ആളുകൾ കരുതും പോലെ ഒരു സുപ്രഭാതത്തിൽ വന്നൊരു ചാക്കിട്ട് തലമൂടുകയൊന്നുമല്ല. ഓർമയുടെ തുടർച്ചകൾ ഇടയ്ക്കിടെ മുറിഞ്ഞു പോവുന്നു, വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് മറന്ന് പോവുന്നു, വേണ്ടാത്ത കാര്യങ്ങൾ വേണ്ടാത്ത സമയത്ത് ഓർമയിൽ വരുന്നു. പല കാര്യങ്ങളും ഓർത്തെടുത്താൽ തന്നെ അതുകൊണ്ടിപ്പോ എന്താ കാര്യം, അതെങ്ങനെ പ്രയോഗിക്കണം എന്നൊന്നും മനസിലാവുന്നില്ല. ആശയക്കുഴപ്പം ഉണ്ടാക്കാൻ മാത്രം ആശയങ്ങളൊക്കെ തലയിൽ ഇടയ്ക്കിടെ വരുന്നുണ്ട്. മൊത്തത്തിൽ ആശയറ്റു എന്നൊരു തിരിച്ചറിവ് ചിലപ്പോഴൊക്കെ തലയ്ക്കിട്ടൊരടി തരാനായി കേറി വരുന്നുമുണ്ട്. അപ്പോ മാത്രം കാര്യങ്ങൾക്കൊക്കെ നല്ല വ്യക്തതയുണ്ട്, നിഴലുകൾക്കൊക്കെ നല്ല കറുപ്പുമുണ്ട്. ഇപ്പോഴത്തെ ഇരിപ്പും അങ്ങനെയൊരു വെളിവിന്റെ നേരമാണ്. കുറച്ചു നേരം കഴിയുമ്പോ എപ്പോഴോ അത് കൈവിട്ടു പോകും. കുറച്ചുനാൾ കൂടെ കഴിയുമ്പോ ഈ വെളിവ് തീരേ വരാതെ കെട്ടുപോകുമോ എന്നറിയില്ല. ഇപ്പോത്തന്നെ ജീവിതം ദുരിതമായി മാറിയിട്ടുണ്ട്, കൂടെയുള്ളവർക്കും അങ്ങനെത്തന്നെയാവും. എന്തെല്ലാമോ കാര്യങ്ങൾ ചെയ്തു തന്ന് അവർ കൂടെ നിൽക്കുന്നതു കൊണ്ടാവും ഇത്രയുമൊക്കെ ഒപ്പിയ്ക്കുന്നത്. അത്രയും ഊഹിക്കാൻ പറ്റുന്നുണ്ടെങ്കിലും ദൈനംദിനകാര്യങ്ങൾ ആരെങ്കിലും സഹായിച്ചിട്ടാണോ ചെയ്യാറെന്നൊന്നും ഓർത്തെടുക്കാൻ പറ്റാത്തതിൽ അല്പം അമ്പരപ്പുമുണ്ട്.
എവിടേയ്ക്കാ പോവേണ്ടത്? ഞാൻ കൊണ്ടു വിടണോ?”
ഞാനെന്താ കൊച്ചുകുട്ടിയാണോ എന്നല്പം മുഷിഞ്ഞു തന്നെ ചോദിക്കാനുള്ള ദേഷ്യം തോന്നിയെങ്കിലും ചോദിച്ചില്ല. രണ്ട് പേരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്ന തൊട്ടപ്പുറത്തെ പെട്ടിക്കടക്കാരൻ, ചോദിച്ചയാൾ കാണാതെ കണ്ണു ചിമ്മിക്കാണിച്ചു പുഞ്ചിരിച്ചു, നിങ്ങളതൊന്നും കാര്യമാക്കേണ്ടെന്ന് പറയും പോലെ. ആ പുഞ്ചിരിയിൽ ഒന്നു തണുത്ത് ശാന്തമായിത്തന്നെ പറഞ്ഞു:
“മോനിപ്പോ വരും, അവനെ കാത്തിരിക്ക്യാ”
ആ ഉത്തരം അത്ര ബോധ്യമാകാതെ, നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന മട്ടിൽ ചോദ്യകർത്താവ് പെട്ടിക്കടക്കാരനു നേരേ തിരിഞ്ഞു:
“ഒന്നു ശ്രദ്ധിച്ചേക്കണേ, ട്ടോ”
ഈ കരുതലും നമ്മളെത്ര കണ്ടതാ എന്ന മട്ടിൽ പെട്ടിക്കടക്കാരൻ ഒന്നു കൂടെ പുഞ്ചിരിച്ചു തലയാട്ടി. ഒരുത്തരവാദിത്തം നിറവേറ്റിയ സംതൃപ്തിയോടെ ആ ചോദ്യക്കാരനുറുമ്പ് വന്ന അതേ ഉറുമ്പിൻ ചാലിൽ തിരിച്ചു കേറി ഓടിമറഞ്ഞ് കഴിഞ്ഞപ്പോ വൃദ്ധനൊരു വെളിപാടുണ്ടായി. താനിപ്പോ കൂടെയുള്ളവരെയൊക്കെ തിരിച്ചറിയുന്നത് പോലും കൊല്ലങ്ങളോളം പരിചയിച്ച വീടിനും ചുറ്റുവട്ടങ്ങളിലും മാത്രമാണ്. ഇവിടെയീ പരിചയമില്ലാത്ത ഇടത്ത് ഇരുത്തിപ്പോയ മകൻ അല്പം കഴിഞ്ഞ് ആളുറുമ്പുകളിലൊന്നായി ഇതേ വഴിയിലൂടെ തിരികെ വന്നു തന്നെ ഗൗനിക്കാതെ നടന്ന് പോയാൽ തനിക്കവനെ തിരിച്ചറിയാൻ പറ്റില്ല. ചിലപ്പോ നേരത്തെ തന്നെ അങ്ങനെ പോയിട്ടുമുണ്ടാവും. അങ്ങനെയെങ്കിൽ മറ്റൊരു സാധ്യത കൂടെ തെളിയുന്നുണ്ട്. മകൻ കൂട്ടാൻ മറന്നു പോയതാവില്ല. പൂച്ചക്കുട്ടിയെ ചാക്കിൽ കെട്ടി ചന്തയിലെത്തിച്ച് അറിഞ്ഞുകൊണ്ട് മറന്നു വെച്ചു പോവാറുണ്ടല്ലോ, അത് പോലെയും ആവാം.
“അമ്പലനടയാണല്ലോ, ദിവസവും പലരേയും ആരെങ്കിലുമൊക്കെ വേണ്ടപ്പെട്ടോർ നടയ്ക്കിരുത്തി വേണ്ടാത്തോരായി മാറി മടങ്ങി പോകാറുണ്ട്.”
അയാളുടെ ചിന്തകളുടെ വാലറ്റത്തേക്ക് പെട്ടിക്കടക്കാരൻ കൂട്ടിച്ചേർത്തു. ആ 'നടയ്ക്കിരുത്തൽ' പ്രയോഗം അയാൾക്കിഷ്ടപ്പെട്ടു. പൂച്ചക്കുട്ടിയിൽ നിന്ന് ഒരു ആനക്കുട്ടിയിലേക്ക് വളർന്ന പോലെ.
“എന്നേം കുഞ്ഞായപ്പോ അങ്ങനെ നടയ്ക്കിരുത്തീതാ. പിന്നെയീ നടയിലും തെരുവിലും ഒക്കെയായങ്ങ് വളർന്നു. എന്നും അന്നദാനം ഒക്കെ ഉള്ളോണ്ട് പട്ടിണി ഇല്ലാതെ ജീവിച്ചു പോവാം. തല ചായ്ക്കാനും ഇടമൊക്കെയുണ്ടല്ലോ. നിങ്ങൾക്കതൊന്നും വേണ്ടി വരില്ലെന്നേ, മോൻ പെട്ടെന്ന് വരും.”
അത്രയും പറഞ്ഞ് പെട്ടിക്കടക്കാരൻ അയാളുടെ ലോകത്തേക്ക് മടങ്ങി. അയാളെ കുഞ്ഞുന്നാളിൽ ഇട്ടേച്ചു പോയവരും കറങ്ങിത്തിരിഞ്ഞ് ഇവിടെത്തന്നെ നടയിരുത്തപ്പെട്ടിട്ടുണ്ടാവുമോ വയസ്സാം കാലത്ത്? കടക്കാരന്റെ കുട്ടിക്കാലത്തെപ്പറ്റി കേട്ടപ്പോ സ്വന്തം കുട്ടിക്കാലത്തിന്റെ കയ്പ്പും വായിലേക്ക് മടങ്ങി വന്നു. കുഞ്ഞുങ്ങളെ കളഞ്ഞിട്ട് പോകുന്നവരും കളയാതെ കൂടെ നിർത്തിയെന്നാലും സ്നേഹമറിയിക്കാതെ വളർത്താതെ വളർത്തുന്നവരും നിരന്തരം വേദനിപ്പിച്ച് തളർത്തി വളർത്തുന്നവരും ഒക്കെ തമ്മിൽ എന്തു വ്യത്യാസം! സ്വന്തം മക്കളെ കൈകൊണ്ടെന്നല്ല വാക്കു കൊണ്ട് പോലും വേദനിപ്പിച്ചതായൊന്നും ഓർമയില്ല. എന്നാലും അത് മതിയാവുമോ അവനു തിരികെ വരാൻ? സ്നേഹം കിട്ടിയ ഓർമയേ ഇല്ലാത്തോണ്ട് കൊടുക്കുന്ന കാര്യത്തിലും മോശമായിരിക്കാനാണു സാധ്യത.
ആദ്യമായി ഒരു ആശങ്ക ഉണരുന്നതു പോലെ. അവൻ തിരികെ വരാതിരുന്നാൽ വിഷമമൊന്നുമില്ല. ആർക്കും ഭാരമാവണമെന്നൊന്നും ഒരിക്കലും ഇല്ല. പക്ഷേ, ഓർമകൾ താളം തെറ്റുന്നോർക്ക് അന്നദാനവും അതു പോലുള്ള കാര്യങ്ങളുമൊക്കെ ഓർത്തെടുക്കാനാവുമോ എന്നും? ഇപ്പോ കുത്തിയിരുന്ന് ഓർത്തെടുത്തതൊക്കെ പോലും കുറച്ചു കൂടെ കഴിയുമ്പോ മറന്നു പോവും എന്നുറപ്പാണ്. അങ്ങനെ വരാതിരിക്കാൻ ഇത്രയും ഓർമകളെയൊക്കെ പെറുക്കിക്കൂട്ടി കയ്യിലെ പൊതിയ്ക്കൊപ്പം മുറുകെപ്പിടിച്ച് അയാളിരുന്നു.
സമയം നീങ്ങിനിരങ്ങിപ്പോകവേ, ഇനിയെന്ത് കാത്തിരിക്കാനാണ്, നേരേ മുന്നിലല്ലേ തിരക്കേറിയ നിരത്ത്, അതിലേക്കൊന്ന് ആഞ്ഞു ചാടിയാൽ തീരില്ലേ എല്ലാമെന്നൊരു ആശയുണ്ട് എത്തി നോക്കുന്നു. പക്ഷേ, ഇഴഞ്ഞുനീങ്ങുന്ന ഈ കാർവണ്ടുകൾക്ക് തെറിവിളിയിൽ കൂടുതലൊന്നും തരാനാവില്ലെന്ന് മനസിലാവുന്നുമുണ്ട്. അടുത്തെവിടുന്നോ ഒരു തീവണ്ടിയുടെ ചൂളം വിളി കേൾക്കാൻ കഴിയുന്നില്ലേ? എങ്ങനെയാണ് അവിടെയെത്തുക?
ആലോചിച്ച് കൂട്ടിയത് അത്രയുമായപ്പോൾ തന്നെ ചങ്ങലക്കൊളുത്ത് എവിടെയൊക്കെയോ അറ്റു പോവുന്നുമുണ്ട്. തീവണ്ടി കണ്ടെത്തിയാലെന്താണു കാര്യമെന്ന് ഏച്ചുകൂട്ടാൻ ശ്രമിച്ച് കുറച്ചു നേരമിരുന്നു. ചൂളം വിളി അകന്നകന്നു പോയി ഇല്ലാതെ ആയി. പിന്നാലെ ചിന്തകളും ഗതിയില്ലാതെ പതിയെപ്പതിയെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോവുമെന്ന പേടി തോന്നിത്തുടങ്ങി. അപ്പോഴാണ് ആരോ പിന്നിലൂടെ വന്ന് തോളിൽ തട്ടിയത്.
“വാ, പോകാം”.
വിളിച്ചയാളിന്റെ തനിക്കു നേരെ കുനിഞ്ഞ മുഖത്തേക്കു തിരിഞ്ഞു നോക്കി അയാൾ ചോദിച്ചു:
“എന്തിന്?”
വന്നയാൾ തോൽവി സമ്മതിച്ചെന്നോണം തല ഒന്നൂടെ കുനിച്ച് പിറുപിറുത്തു:
“ഒന്നിനും കൊള്ളാത്തവർ വണ്ടി കേറി ചത്താലും ഒന്നിനും കൊള്ളില്ല, ഉപദ്രവമേ ആവൂ.”
മകനാണെന്നുറപ്പിച്ചു. താൻ തീവണ്ടിയുടെ അടുത്തെത്താൻ വഴി ആലോചിച്ചത് എന്തിനായിരുന്നെന്ന് അവന്റെ വാക്കുകളിൽ നിന്ന് വീണ്ടെടുത്തു. ഇവനെങ്ങനെ അക്കാര്യം മനസ്സു വായിച്ചറിഞ്ഞെന്ന സംശയം കാലുറപ്പിക്കും മുന്നേ അവന്റെ തുടർവാക്കുകൾ കേട്ടു:
"ജീവിച്ചിരിക്കുമ്പോ നിങ്ങൾക്കെങ്കിലും ഉപകാരപ്പെടുന്നുണ്ടല്ലോ. അതെങ്കിലും നടക്കട്ടെ. വാ വീട്ടിൽ പോകാം.”
ഒന്നിനും കൊള്ളാത്തവനെന്ന് അവനുദ്ദേശിച്ചത് തന്നെയായിരുന്നില്ല? ഈയടുത്തനാളുകളിൽ വീണ്ടും കണ്ട, പലവട്ടം കണ്ട, നിസ്സഹായതയും സങ്കടവും നിറഞ്ഞൊഴുകാൻ തുടങ്ങുന്ന അവന്റെയാ മുഖത്തിന്റെ നിഴലോർമകൾ! അതൊക്കെ തന്റെ അസുഖത്തെപ്പറ്റി മാത്രമായിരുന്നില്ല? മിക്കതും അവനെത്തന്നെ ചൊല്ലിയായിരിക്കാമെന്നൊരു ചിന്ത ഒരു ഇടിമിന്നൽ പോലെ നടുക്കിക്കൊണ്ട് തെളിഞ്ഞു വന്നു. ഇതൊക്കെ തന്റെ രോഗം കാരണം മനസിലാവാതെ പോയതാണോ! മുമ്പും കാര്യമായൊന്നും ശ്രദ്ധിക്കാറില്ലായിരുന്നില്ലല്ലോ!
തീവണ്ടിയുടെ ചൂളം വിളി നേരത്തേതിന്റെ എതിർദിശയിൽ നിന്ന് പിന്നെയും അടുത്തു വരുന്നു. ആദ്യം തോന്നിയത് അവനോട് ഞാനില്ലെന്നു പറഞ്ഞ് ആ ശബ്ദത്തിനു നേരെ എഴുന്നേറ്റ് നടക്കാനാണ്. തന്റെ ഭാരം കൂടെ ഇനിയും വെച്ചു കൊടുക്കേണ്ടല്ലോ. പക്ഷേ അധികഭാരമെന്നല്ലല്ലോ അവൻ ഒടുവിൽ പറഞ്ഞത്! ഞാൻ കൂടെയുള്ളതുകൊണ്ട് മാത്രമാണ് അവനിപ്പോ തിരിച്ചു വന്നതെന്നല്ലേ? ഉള്ളിൽ ഞാൻ ഇല്ലാത്ത ഈ ഞാൻ! എങ്കിൽ അവൻ തന്നെ പറഞ്ഞത് പോലെ അതെങ്കിലും നടക്കട്ടെ. അങ്ങനെ അവനിലൊരു ‘ഞാൻ’ ഉണ്ടായിവരുമെങ്കിൽ അതാവട്ടെ. തീവണ്ടികൾ ചോര ചിന്താതെ ചൂളം വിളിച്ചോടട്ടെ. അല്ലെങ്കിലും ഓർമയും നടക്കാൻ പറ്റിയ കാലുമുള്ള അവനു ചെയ്യാൻ കഴിയാത്തത് രണ്ടുമില്ലാതെ, ഉന്താൻ ആളു വേണ്ടൊരു ചക്രക്കസേരയിലിരിക്കുന്ന, ഈ വൃദ്ധനെങ്ങനെ?
(2024 നവംബർ 7 ന് എഴുതിയത്)
Comments
Post a Comment