എന്നാ കൊച്ചിന്റച്ഛൻ പോയി കുറച്ച് പാലു വാങ്ങി വന്നേ.. അല്പം മുമ്പു വരെ കളിച്ചും ചിരിച്ചും കൊണ്ടിരുന്ന കുഞ്ഞിന്റെ മുഖം വാടി, പതിയെ ചിണുങ്ങാനും കുഞ്ഞിക്കൈകൾ കൊണ്ട് എന്തോ പരതാനും തുടങ്ങിയപ്പോ അവൾ പറഞ്ഞു. അപ്പോഴാണ് ഇത്ര നേരമായിട്ടും ഇതിനൊന്നും കൊടുക്കാൻ തങ്ങളോർത്തില്ലല്ലോ എന്ന് തിരിച്ചറിഞ്ഞത്. എന്തൊരു മണ്ടനാണ് ഞാൻ! ആശുപത്രി വരാന്തയിൽ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരം കുറേ ആയതാണല്ലോ, വിശക്കാതിരിക്കുമോ! പുറത്തിറങ്ങി അടുത്തുള്ള ചായക്കടയിൽ കയറി കാര്യം പറഞ്ഞപ്പോ അവിടെയുള്ള ചേച്ചി തിളപ്പിച്ച പാൽ ആറ്റിത്തരാം, കുപ്പിയോ പാത്രമോ എടുക്കെന്ന് പറഞ്ഞു. അതിന് അങ്ങനെയെന്തേലും കയ്യിലുണ്ടായിട്ട് വേണ്ടേ, തയ്യാറെടുത്തൊന്നും വന്നതല്ലല്ലോ. തൊട്ടപ്പുറത്ത് സ്റ്റേഷനറി സാധനങ്ങളും ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമുള്ള സകല കുണ്ടാമണ്ടികളും വിൽക്കുന്ന കടയിൽ നിന്ന് പാൽക്കുപ്പി ഒരെണ്ണം വാങ്ങി. അതുമായി ചായക്കടയിലേക്ക്. അവിടുന്ന് പാൽ നിറച്ച കുപ്പിയുമായി തിരികെ ആശുപത്രിക്കുള്ളിലേക്ക്. അവളുടെ അടുത്തെത്തിയപ്പോഴേക്കും കുഞ്ഞിന്റെ ചിണുങ്ങൽ അല്പം ഉച്ചത്തിലായിട്ടുണ്ട്. ദാ കുഞ്ഞിന്റമ്മേ പാല്! അവൾ അല്പം നാ...
ഒരല്പം ഉയരത്തിൽ നിന്നു നോക്കിയാൽ ഉറുമ്പുകളുടെ സ്കൂൾ വിട്ടതു പോലെയുണ്ടാവും. അത്രയധികം ആളുകളാണ് കിഴക്കു-പടിഞ്ഞാറായി നീണ്ടുകിടക്കുന്ന പ്രധാനപാതയുടെ ഇരുവശത്തേയും നടപ്പാതകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത്. ഉറുമ്പുചാലിനോളം അച്ചടക്കമില്ലെന്നേയുള്ളൂ, എണ്ണത്തിലൊട്ടും കുറവില്ല. അതിലേറെ എണ്ണം കാറുകൾ നിരത്തിലുണ്ട്. അവരൊക്കെ പക്ഷേ തട്ടിമുട്ടി ഇഴഞ്ഞാണു നീങ്ങുന്നത്. ആൾ-ഉറുമ്പുകളുടെ അത്ര ധൃതി ആ കാർ-വണ്ടുകൾക്കില്ലാഞ്ഞിട്ടല്ല, അതിനുള്ള ഇടമില്ലാഞ്ഞിട്ടാണ്. ശരിക്കുള്ള ഉറുമ്പിൻ ചാലുകളിൽ നിന്ന് ശബ്ദം കേട്ട ഓർമയില്ലെങ്കിലും ഈ ആളുറുമ്പു ചാലുകളിൽ നിന്ന് തേനീച്ചക്കൂട്ടിൽ നിന്നെന്ന പോലൊരു ഇരമ്പലുണ്ട്. നിരത്തിലെ കാർവണ്ടുകളും നിർത്താതെ മാറിമാറി ബഹളം കൂട്ടുന്നുണ്ട്. എന്നാൽ അലർച്ചയിൽ ഇവരേക്കാളെല്ലാമുച്ചത്തിൽ മറ്റൊന്നാണ്: നാനാവിധം ഉച്ചഭാഷിണികൾ. ആ ക്ഷേത്രനഗരത്തിലെ പ്രധാന ക്ഷേത്രത്തിനു സ്വന്തമായുള്ളവ, പിന്നെ ആ അമ്പലത്തിനു ചുറ്റുമുയർന്നു വന്ന തലപ്പൊക്കം ഒരല്പം കുറഞ്ഞ മറ്റ് ആരാധനാലയങ്ങൾക്ക് സ്വന്തമായുള്ളവയും. ആരാധനാലയങ്ങളിൽ ചിലത് വിശ്വാസങ്ങൾ നീട്ടിവലിച്ച് കൂട്ടിമുട്ടിച്ച് പരസ്പരപൂരകങ്ങളായി തീർന്നവയാണ്. മറ...