ഒരല്പം ഉയരത്തിൽ നിന്നു നോക്കിയാൽ ഉറുമ്പുകളുടെ സ്കൂൾ വിട്ടതു പോലെയുണ്ടാവും. അത്രയധികം ആളുകളാണ് കിഴക്കു-പടിഞ്ഞാറായി നീണ്ടുകിടക്കുന്ന പ്രധാനപാതയുടെ ഇരുവശത്തേയും നടപ്പാതകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത്. ഉറുമ്പുചാലിനോളം അച്ചടക്കമില്ലെന്നേയുള്ളൂ, എണ്ണത്തിലൊട്ടും കുറവില്ല. അതിലേറെ എണ്ണം കാറുകൾ നിരത്തിലുണ്ട്. അവരൊക്കെ പക്ഷേ തട്ടിമുട്ടി ഇഴഞ്ഞാണു നീങ്ങുന്നത്. ആൾ-ഉറുമ്പുകളുടെ അത്ര ധൃതി ആ കാർ-വണ്ടുകൾക്കില്ലാഞ്ഞിട്ടല്ല, അതിനുള്ള ഇടമില്ലാഞ്ഞിട്ടാണ്. ശരിക്കുള്ള ഉറുമ്പിൻ ചാലുകളിൽ നിന്ന് ശബ്ദം കേട്ട ഓർമയില്ലെങ്കിലും ഈ ആളുറുമ്പു ചാലുകളിൽ നിന്ന് തേനീച്ചക്കൂട്ടിൽ നിന്നെന്ന പോലൊരു ഇരമ്പലുണ്ട്. നിരത്തിലെ കാർവണ്ടുകളും നിർത്താതെ മാറിമാറി ബഹളം കൂട്ടുന്നുണ്ട്. എന്നാൽ അലർച്ചയിൽ ഇവരേക്കാളെല്ലാമുച്ചത്തിൽ മറ്റൊന്നാണ്: നാനാവിധം ഉച്ചഭാഷിണികൾ. ആ ക്ഷേത്രനഗരത്തിലെ പ്രധാന ക്ഷേത്രത്തിനു സ്വന്തമായുള്ളവ, പിന്നെ ആ അമ്പലത്തിനു ചുറ്റുമുയർന്നു വന്ന തലപ്പൊക്കം ഒരല്പം കുറഞ്ഞ മറ്റ് ആരാധനാലയങ്ങൾക്ക് സ്വന്തമായുള്ളവയും. ആരാധനാലയങ്ങളിൽ ചിലത് വിശ്വാസങ്ങൾ നീട്ടിവലിച്ച് കൂട്ടിമുട്ടിച്ച് പരസ്പരപൂരകങ്ങളായി തീർന്നവയാണ്. മറ...